പരിക്കേറ്റവരില്‍ ഡോക്റ്റര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലുമായി ഒരു വര്‍ഷം പിന്നിട്ട യുദ്ധത്തിനിടെയാണ് ഹിസ്ബുള്ളയ്ക്ക് തിരിച്ചടി. ആക്രമിച്ചത് ഇസ്രയേലെന്നാണ് കരുതുന്നത്. അതു യാഥാര്‍ഥ്യമെങ്കില്‍ ഹിസ്ബുള്ളയ്ക്കെതിരേയുണ്ടായ ആക്രമണം ചരിത്രത്തിലെ ഏറ്റവും ആധുനികമായ യുദ്ധമുഖമാകും തുറക്കുക. എന്നാല്‍, ഇസ്രയേല്‍ ഇതിനോടു പ്രതികരിച്ചിട്ടില്ല.
ഒരേ സമയം ആയിരക്കണക്കിനു പേജറുകള്‍ പൊട്ടിത്തെറിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് ഹിസ്ബുള്ള വൃത്തങ്ങള്‍ പറഞ്ഞു. രാജ്യത്തിന്റെ തെക്ക്, കിഴക്ക് പ്രദേശങ്ങള്‍, ബെയ്റൂട്ടിന്റെ തെക്കന്‍ മേഖലയിലുള്ള പ്രാന്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഒരേ സമയം സ്ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
ഹിസ്ബുള്ളയുടെ ആശയവിനിമയ ഉപകരണങ്ങള്‍ അപഹരിക്കപ്പെട്ടെന്നും മുറിവേറ്റും തലയില്‍ ചോരയൊലിച്ചുമുള്ള തറയില്‍ കിടക്കുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ ലെബനനിലൂടനീളം പ്രചരിക്കുന്നതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആംബുലന്‍സുകള്‍ പരക്കെ പോകുന്നതിന്റെ ശബ്ദംകേള്‍ക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ആശുപത്രികളില്‍ നിന്ന് രക്തം ആവശ്യപ്പെട്ടുള്ള അറിയിപ്പുകളും വരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ പുറത്തേക്ക് ഓടിയെന്നും പലചരക്ക് കടകള്‍ ഉള്‍പ്പെടെസ്ഥാപനങ്ങളിലെ ചെറിയ ഹാര്‍ഡ് വെയര്‍ ഡിവൈസുകളും പൊട്ടിത്തെറിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ചൊവ്വാഴ്ച ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിലും ലെബനനിലുടനീളം നിരവധി ഹാന്‍ഡ്ഹെല്‍ഡ് പേജറുകള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഒമ്പത് പേര് കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.സ്ഫോടനത്തില്‍ ഒരു പെണ്‍കുട്ടിയടക്കം ഒമ്പത് പേര് കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു.ഏകദേശം 2,750 പേര്‍ക്ക് പരിക്കേറ്റു.അതില്‍ 200 ലധികം പേര് ഗുരുതരാവസ്ഥയിലാണ്, അതേസമയം രണ്ട് അംഗങ്ങളെങ്കിലും കൊല്ലപ്പെട്ടതായി ലെബനനിലെ രാഷ്ട്രീയ സംഘടനയും തീവ്രവാദ ഗ്രൂപ്പുമായ ഹിസ്ബുള്ള അറിയിച്ചു.ഹിസ്ബുള്ള ഉപയോഗിച്ച പേജറുകള്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ഡമാസ്കസിലും ഗ്രാമപ്രദേശങ്ങളിലും ദേശീയത അറിയാത്ത 14 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്
ലെബനനെതിരെയുള്ള യുദ്ധം വലിയ തോതില്‍ വ്യാപിപ്പിക്കുമെന്ന് ഇസ്രായേല്‍ ഭീഷണിപ്പെടുത്തുന്നതായി ലെബനന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് ആക്രമണം നടത്തി ഗാസ മുനമ്പില്‍ യുദ്ധത്തിന് തുടക്കമിട്ടതിനുശേഷം ഇസ്രായേലും ഹിസ്ബുള്ള പോരാളികളും തമ്മില്‍ വലിയ ഉരസലിലാണ്.

Comments: